ചൊവ്വാഴ്ച, ജനുവരി 30, 2007


ഒരു കോഴിക്കവിത


അടുക്കളക്കാരീ
എത്ര നേരമായിങ്ങനെ
വെന്തുവോയെന്നു
നുള്ളി നോക്കുന്നു

അപ്പാടെ നീ പുഴുങ്ങിയ
ഈ ശരീരത്തില്‍
എല്ലാം പാകമായെന്നു തോന്നുന്നു

നീ തിരുമ്മിയിട്ട
വേപ്പിലകളെ നല്ല പരിചയം
ആ വേപ്പുമരത്തിന്റെ
താഴെ ഞാന്‍ കുറെ നടന്നിട്ടുണ്ട്‌
നിനക്കറിയുമോ...
അല്ലെങ്കില്‍ വേണ്ട ബോറടിക്കും

കരളിന്റെ വേവു കൂടിക്കാണും
ദശയുടെ ഓരോ അണുവിലും
മുളകും മല്ലിയും
കുരുമുളകും ശരിക്കു പിടിച്ചിട്ടുണ്ടു

നീറുന്നതു അതിനാലല്ല

കരിയുന്നതിനു മുന്‍പു
പിള്ളാര്‍ക്കും കൊടുത്തു
അവര്‍ കളഞ്ഞതു പോലും
അപ്പാടെ കഴിച്ചു
നീ മയങ്ങാതെ തീരില്ല

ഈ നീറ്റല്‍


^ 2007

വെള്ളിയാഴ്‌ച, ജനുവരി 26, 2007


അന്നത്തെ മെഴുകുതിരികള്‍ തെളിച്ച ഇരുട്ട്‌


അന്തോണീസ്‌
പുണ്യാളനു മുന്നില്‍
ഉരുകിയൊലിച്ചിരുന്ന
മെഴുകുകള്‍ കൊണ്ടു
കടലാസു ചുരുട്ടി
പുതിയ മെഴുകുതിരി
ഉണ്ടാക്കുക എന്നതു
കുട്ടിക്കാലത്തെ ഞങ്ങളുടെ
ശീലങ്ങളില്‍ ഒന്നായിരുന്നു

കിടപ്പാടം പണയപ്പെട്ട
ത്രേസ്യേടത്തിയുടെയും
കല്ല്യാണമുറക്കാത്ത
സെലീനയുടെയും
മക്കളില്ലാത്ത അന്തപ്പേട്ടന്റേയും
വസന്ത വന്നു കോഴികള്
‍ചത്തുപോയ
തങ്കമ്മചേച്ചിയുടെയും
മെഴുകുതിരികള്‍ഞങ്ങള്‍ക്കു വേണ്ടി
അന്നങ്ങനെ നിന്നുരുകി

കണക്കു പരീക്ഷ മുഖക്കുരു
കാന്‍സര്‍ കല്ല്യാണം
മരണം വിസ പ്രേമം
കാണാതായ നൂറിന്റെ നോട്ടു
എന്തിനു വരാത്ത മാസമുറ
വേഗത്തില്‍ വന്ന് നര
എല്ലാം ഞങ്ങള്‍ക്കു വേണ്ടി
എന്നുമെന്നുമുരുകി

അന്നു ഞങ്ങള്‍ കത്തിച്ച
പുതിയ മെഴുകുതിരി
എന്തിനു വേണ്ടിയായിരുന്നിരിക്കും
ഉരുകിയിരുന്നതു

ആ വെളിച്ചത്തില്‍
ഇപ്പോഴൊന്നും
കാണാനേ വയ്യ


^ 2007

ഞായറാഴ്‌ച, ജനുവരി 21, 2007


വിവര്‍ത്തന ശേഷം കുമാരന്‍ ഗര്‍ജ്ജനമംഗലം എന്ന ഭാഷ


മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
‍ഞാനുണ്ടായിരുന്നു

തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി

ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു

നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്‌

ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു

ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്
‍വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്‍ക്കിടയില്
‍അതു പതുങ്ങിക്കിടക്കുന്നു

ഉപകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു

എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ

നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ

പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം

വ്യായാമം മുടങ്ങിയാല്
‍പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാല്‍മകഥ


^ 2005

വെള്ളിയാഴ്‌ച, ജനുവരി 19, 2007


ത്രിബിള്‍ x


x ന്റെ വില തെറ്റിയതിനു
കിട്ടിയിട്ടുണ്ടു ഒരു പാട്

വില ഓര്ത്തു നടന്നു
സൈക്കിള്‍ മുട്ടി

കോപ്പിയടിച്ചു
ഇത്തിരി കോങ്കണ്ണ് വന്നു

കണക്കുകളെല്ലാം തെറ്റി

എങ്കിലും പിഴച്ചു
xxx കഴിച്ചു
കണ്ടു

ഇപ്പോള്‍
കണക്കുടീച്ചറെ കാണുമ്പോള്‍
പിന്നെയും വരും x
പിന്നാലെ വരും xxx

വൈകാതെ മക്കള്‍
xന്‍റെ വിലയെക്കുറിച്ചു
അവരുടെ അപ്പനോടു
സംശയം ചോദിക്കും

അപ്പോഴും തെറ്റും


^ 2004

തിങ്കളാഴ്‌ച, ജനുവരി 15, 2007


പേടി


പേടിയാണെനിക്കു
പൈസയില്ലാത്ത എന്നെ

പലിശക്കാരന്റെ
അടിവസ്ത്രം പോലുമില്ലാത്ത തെറി

കഞ്ഞി വിളമ്പുന്ന
അമ്മയുടെ പിശുക്കു

തേഞ്ഞ ചെരുപ്പിലേക്കുള്ള
ആ പെണ്ണിന്റെ നോട്ടം

പിച്ചക്കാരന്റെ
പരിഹാസച്ചിരി

വണ്ടിക്കാശു കൊടുക്കുന്ന
കൂട്ടുകാരന്റെ തമാശ

ചായക്കടക്കാരന്‍
കുമാരേട്ടന്റെ ദുര്‍മുഖം

പേടിയാണെനിക്കു
പൈസയുള്ള നിന്നെ


^ 1996


വായന

തകിലിന്റെ താളത്തില്‍
തുള്ളുന്നൊരാള് ‍കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി

തബലയുടെ താളത്തില്‍
മുറുകുന്നൊരാള് ‍വായിക്കുകയില്ല
തുകലിന്റെ ഓര്മ്മകള്

‍പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്

‍വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ

ധൈര്യമേറുവാന്
‍വാല്‍മോതിരമണിയുന്നവന്
‍കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ

കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍

ഈ വരികള്‍
വായിക്കുന്നയാള്
‍വായിക്കുകയില്ല...

^ 2003

തിങ്കളാഴ്‌ച, ജനുവരി 08, 2007


ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍


അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍

പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ


അവന്‍‌റെയൊരു കൈവിരല്‍


ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ


ഉള്ളിലെ ശില്പ്പവും


9,01,2007

ചൊവ്വാഴ്ച, ജനുവരി 02, 2007


റിഹേഴ്സല്‍


മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ

ക്ലാസ്സിൽ
‍വാട്ടര്‍ ബോട്ടിൽ
‍വെക്കേണ്ട വിധം

ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകൾ
‍ബാഗിന്റെ പേരു

നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ

അവന്‍ ഒത്തു നോക്കി

പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു

ഈ അമ്മയ്ക്കെന്തറിയാം

എല്ലാം ശരി തന്നെ
ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍

ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍സാക്ഷാത്കരിച്ചിരിക്കുന്നു

കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്
‍നെയിംസ്ലിപ്പുകള്‍

ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ



^ 2004

തിങ്കളാഴ്‌ച, ജനുവരി 01, 2007


നിങ്ങളുടെ പേരു ഞാന്‍ മറന്നിരിക്കുന്നു

ഒരുമിച്ചു പഠിച്ചിട്ടുണ്ടോ
അതല്ലെങ്കില്‍ ഒരു ചടങ്ങ്
ഒരേ സീറ്റില്‍

ക്യൂ നിന്നു മടുത്തപ്പോഴാണോ

ഏതെങ്കിലും ബസ്സ്റ്റോപ്പില്‍
അതുമല്ലെങ്കില്‍

ടെലഫോണ്‍ ബുക്കില്‍ ഇല്ല
ക്ഷണിക്കപ്പെടേണ്ടവരുടെ ലിസ്റ്റില്‍
എപ്പോഴെങ്കിലും
ഉപകാരപ്പെട്ടേക്കുമെന്നവരുടെ
കൂട്ടത്തില്‍
അങ്ങനെയുമില്ല

നിങ്ങള്‍
ഇങ്ങനെത്തന്നെയായിരുന്നോ

എന്തെങ്കിലും കാര്യത്തിനു
നിങ്ങളുടെ പേരു ഉച്ചരിച്ചതായി
ഞാനോര്‍ക്കുന്നില്ല

സ്വപ്നത്തിലെ
ആളുകളെപ്പോലെയാണു നിങ്ങള്‍
കിണറ്റില്‍ വീണ ആള്‍
വണ്ടിയോടിച്ചിരുന്ന ആള്‍
കടലിനും മുന്‍പു എന്നെ തടഞ്ഞ ആള്‍
അങ്ങനെ

എനിക്കു
മറക്കാനാണ്
നിങ്ങളുടെ പേരു
ഉണ്ടായിരിക്കുന്നതു
എന്നാണു തോന്നുന്നതു

ഞാന്‍ മൂകനാണെന്നു
വിചാരിക്കുകയാണു
ഇനിയുള്ള ഒരു വഴി

നിങ്ങള്‍ ബധിരനാണെന്നു
വിചാരിക്കുന്നതു
മറ്റൊരു വഴി


^ 2003