“ഒരുമ്മയോ
അച്ഛാ എന്ന വിളിയോ കിട്ടാതെ
എനിക്കു പോകേണ്ടി വരും”
- എ.അയ്യപ്പന്‍ -
കിട്ടാത്ത ചുംബനങ്ങളാല്‍
നിനക്കു പൊള്ളുന്നു
കിട്ടിയ ചുംബനങ്ങളാല്‍
ഞാന്‍ കരിഞ്ഞു
അത്ര മാത്രം
^2000
അത്ര മാത്രം
ഇതൊരു പരസ്യ വാചകമല്ല
ഉമ്മയുടെ കാര്യത്തില്
ക്രിസ്തുവോ,
ഗാന്ധി പോലുമോ അല്ല
അങ്കമാലി കുന്നിലെയോ
ഫോര്ട്ടുകൊച്ചിയിലെയും
കൊടകര ഹൈവേയിലെയും
ക്വട്ടേഷന് പിള്ളാരെപ്പോലെയൊ...
ഒരു ചെകിടത്തു തന്നാല്
നക്ഷത്രം കാണുന്ന തരത്തില്
പതിനായിരമായി
മടക്കിക്കൊടുക്കും
ഇതൊരു
പരസ്യവാചകമല്ല
അമ്മയും നീയും
വായിക്കാന്‍ ആരും
പരസ്യം കൊടുക്കാറുമില്ല
^2007
അജ്മാനിലെ കടപ്പുറത്ത്
വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം
മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്ന്നയാള്‍
മലയാളമറിയാത്ത പെണ്ണാണ്‍
വിവര്‍ത്തനം ചെയ്യണം
^2006
ആലിപ്പഴം മിനിക്കുട്ടി
മനോരമ വാരികയിലാണ്
എന്റെ സുന്ദരിമാര്‍ ജീവിച്ചിരുന്നത്
ആലിപ്പഴത്തിലെ മിനിക്കുട്ടിയും
എന്റെ കൂട്ടുകാരിയായിരുന്നു.
(പ്രേമഭാജനമല്ല)
കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങളായിരുന്നു
അന്നും പ്രേമത്തില്‍
പാവപ്പെട്ടവനും പണക്കാരിയും
പണക്കാരിയും പാവപ്പെട്ടവനും
പാവപ്പെട്ട മിനിക്കുട്ടിയെ പ്രേമിക്കാന്‍
പാവപ്പെട്ട എന്നെ സമൂഹം
അനുവദിച്ചതുമില്ല
ഈ അവസ്ഥയിലാണല്ലോ
അവര്‍ അനുജത്തിമാരും
ചേച്ചിമാരും അമ്മമാരുമായിത്തീരുന്നത്
എങ്കിലും
മിനിക്കുട്ടിയോടൊപ്പം
പാടത്ത് ആടുകളെ മേയ്ച്ചത്
മറക്കുകയില്ല
എന്നെ മറക്കരുതേയെന്ന
വിശുദ്ധമായ പ്രാര്‍ത്ഥന
ഞങ്ങള്‍ അന്നും ചൊല്ലിയിരുന്നുവെന്നാണ്
ഓര്‍മ്മയുടെ പുസ്‌തകം പറയുന്നത്
(ലക്കവും അദ്ധ്യായവും ഓര്‍മ്മയിലില്ല)
ആലിപ്പഴം പെറുക്കാന്‍
പീലിക്കുട നിവര്‍ത്തി
എന്ന കുട്ടിച്ചാത്തനിലെ പാട്ടും
3 ഡി കണ്ണട വെച്ചാലെന്ന പോലെ
തൊട്ടുമുന്‍പിലുണ്ട്
എങ്കിലും അലിഞ്ഞു പോയി
ഒരു മഴയത്ത്
പെറുക്കി കൂട്ടിയവ
മഴയില്ലാത്ത ഒരു നാട്ടില്‍
സൂര്യന്റെ കണ്ണു വെട്ടിച്ച്
ഏഴാമത്തെ നിലയില്‍
ഇരിക്കുമ്പോള്‍
അതാ ആലിപ്പഴം മിനിക്കുട്ടി
നിങ്ങളുടെ സൂര്യ ടിവിയില്‍
ഒട്ടുമലിയാതെ
^2004