തിങ്കളാഴ്‌ച, ഡിസംബർ 07, 2009


ജമ്മം

രാവിലെ വിളിച്ചപ്പോള്‍ അമ്മ ചോദിച്ചു
ആരാ

പണ്ട് ജിനുവും പ്രദീപും റിയാസുമൊക്കെ
വന്ന് വിളിക്കുമ്പോള്‍
കാപ്പിയും പലഹാരവുമൊക്കെ
കൊടുക്കേണ്ടി വരുമല്ലോയെന്ന്
പേടിച്ച് പറഞ്ഞിരുന്ന അതെ ശബദത്തില്‍

ആരാ

അമ്മേ നായര്‍ ചെക്കനോ പള്ളിപ്പുറത്തെ പ്രദീപോ കാക്കാച്ചെക്കന്‍ റിയാസോ അല്ല
അമ്മയുടെ മകനാണ്

ആരാ

അമ്മേ ഇത് ഞാനാണ്
ഇതിലപ്പുറം ഞാനെന്താണ് പറയേണ്ടത്
അമ്മയുടെ മകന്‍

അതിലപ്പുറം എനിക്കെന്താണ് വിശേഷണം

ഇളയവന്‍
വയസ്സാം കാലത്ത് ഉണ്ടായവന്‍
അമ്മയെ നോക്കേണ്ടവന്‍
നാട് വിട്ടവന്‍
ഇഷ്ടം പോലെ ജീവിച്ചവന്‍
വീടറിയാതെ കെട്ടിയവന്‍
പല ക്ളാസ്സിലും തോറ്റവന്‍
കണ്ടവരുടെ കൂടെ നടന്നവന്‍
പട്ടയടിക്കുകയും പട്ടക്കാരെ തെറി വിളിക്കുകയും ചെയ്തവന്‍

അമ്മയുടെ നെഞ്ചിലെ അറവ്കത്തി


പിന്നെയും ആരായെന്ന ചോദ്യം കാതില്‍ പരക്കുമ്പോള്‍
അമ്മേ ഞാനെന്ത് പറയണം

വെയില്‍ കൊള്ളാഞ്ഞ്
പഴയ കറുമ്പന്‍ വെളുത്ത് പോയമ്മേ
അഭിനയിച്ചിട്ട് പോലും കറുപ്പനാകുന്നില്ലമ്മേ

കുടിച്ച് കുടിച്ച് ചീര്‍‌ത്ത് പോയമ്മേ
വലിച്ച് വലിച്ച് വലഞ്ഞ് പോയമ്മേ
കുരച്ച് കുരച്ച് കുരഞ്ഞ് പോയമ്മേ
കവിതകള്‍ വായിച്ച് വായിച്ച്
കവിഞ്ഞ് പോയമ്മേ

ആരായെന്ന്
ഇന്നലെ വന്ന അമ്മിണിയായി
അമ്മ പിന്നെയും ചോദിക്കേ

കണ്ടമാനം വാര്‍‌ത്തകള്‍ വായിച്ച് വായിച്ച്
തടിയന്റവിട നസീറായെന്ന് പറയാന്‍ തോന്നി
കേട്ടതെല്ലാം കണ്ട് കൊതിച്ച്
എ.പി അബ്ദുള്ലക്കുട്ടിയായെന്ന് പറയാന്‍ തോന്നി
കണക്കുകള്‍ കൂട്ടി കൂട്ടി
എം എ യൂസഫലിയായെന്ന് പറയാന്‍ തോന്നി
കണ്ടവരെയെല്ലാം കാമിച്ച് കാമിച്ച്
കുഞ്ഞാലിക്കുട്ടിയായെന്ന് പറയാന്‍ തോന്നി

ആരാ ആരായെന്ന് കാശ് പോകും ശബ്ദം
പിന്നെയും പതറുമ്പോള്‍
ഇനിയെന്താണ് ഞാന്‍ പറയേണ്ടത്

അമ്മേ അമ്മ ആരാണ്

അപ്പനാരാണ് എന്ന ചോദ്യം കേട്ട പോലെ
അമ്മ ചിതറുന്നതെന്തിനാണ്

* * *

വടക്കേപ്രത്തെ കടപ്ലാവില്‍
ഇപ്പോഴും കാക്കകള്‍ വരാറുണ്ടോയമ്മേ
കടപ്ലാവേ കള്ളീ മൂക്കാതെ വീഴല്ലേയെന്ന്
അമ്മയിപ്പോഴും ചീത്ത വിളിക്കാറുണ്ടോയമ്മേ

അമ്മേ കേള്‍ക്കുന്നുണ്ടോ
പറയുന്നത് മനസ്സിലാകുന്നുണ്ടോ

ബീരാന്‍ ചെക്കന്‍ കാക്കയോ
അവന്റെ പെണ്ണിന്റെ കല്യാണം കഴിഞ്ഞപ്പോ
അവന്റെ ചെക്കന്‍ ഗള്‍‌ഫില്‍ പോയപ്പോ ബീരാനിപ്പോ വരാറില്ല
നല്ല കാലമവനിപ്പോള്‍
നല്ല മീനൊന്നും കിട്ടാറില്ല


* * *

ഉമ്മറത്തെ പുളിയിലിത്തവണ
കുറെ ഉണ്ടായോ അമ്മേ
ചാണാപ്പുളിയുണ്ടാക്കുവാന്‍
പുളിയുണക്കിയോ അമ്മേ

മോരില്ലാതെ ഒരു വറ്റിറങ്ങുന്നില്ല
നേരം ​വെളുത്ത് നോക്കുമ്പോള്‍
പുളിയൊക്കെ ഇറങ്ങിപ്പോയി

ഉള്ള പാല്‍ പുളിച്ചും പോയ്


* * *

അമ്മ
വേഗം എണീക്കുന്നുണ്ടോ
പള്ളിയില്‍ പോകേണ്ടേ

അവിടൊക്കെ നിറയെ ആള്‍ക്കാരാണ്
അവിടൊക്കെ നിറയെ ആള്‍ക്കാരാണ്

തീപ്പെട്ടി, ദേ ഞാനെടുത്തിട്ടുണ്ട്
രണ്ട് മെഴുതിരി വാങ്ങിച്ചോ
(ചെറുത്, കുറഞ്ഞത്)
ബാ , ഞാനവിടെയുണ്ടാകും
എത്ര കാലമായി നീയപ്പന് മെഴുതിരി കത്തിച്ചിട്ട്


* * *

വംശാവലിയുടെ
ഒരു വലിയ വ്യക്ഷത്തിന്റെ ഏറ്റവും തുഞ്ചത്ത്
ഞാനെന്റെ പേരെഴുതി

ചെറുകാറ്റില്‍ ഉലയുന്നു

ബോധമില്ലാഞ്ഞിട്ടാണെന്ന് കൂടപ്പിറപ്പുകള്‍
കൂടെക്കിടന്നവര്‍
രാപ്പനിയറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കൊട്ട് കിട്ടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍


* * *

വംശാവലിയുടെ ഒരു വലിയ വ്യക്ഷത്തിന്റെ
വേരുകളില്‍ അമ്മേ നിനക്ക് പൊട്ടുന്നു
പുതിയ ബോധത്തിന്റെ കുഞ്ഞു പച്ചകള്‍

വലിയ കാറ്റിലും നിശ്ച്ചലം

ബോധമില്ലാഞ്ഞിട്ടാണെന്ന് നീ പെറ്റവര്‍
വയറ്റില്‍ കിടന്നവര്‍
പെറ്റപാടറിഞ്ഞവര്‍

കോമാളി കെട്ടിയാടുന്നതാണെന്ന് നാട്ടുകാര്‍
കെട്ടിയിടാഞ്ഞിട്ടെന്ന് കണ്ട് നില്ക്കുന്നവര്‍


അമ്മേ
എനിക്കും
നിനക്കുമെന്ത്

ബോധം
അബോധം

ജമ്മം

*

ഒരു ജമ്മം - ഒരു ജന്മത്തിന് കുഴൂക്കാര്‍ കളിയാക്കി വിളിക്കുന്നത്
പെറ്റപാട് - ഉമ്പാച്ചിയുടെ ഒരു കവിതയുടെ പേര്