ചൊവ്വാഴ്ച, മേയ് 10, 2011


സുവർണ്ണ ഭൂമി

ഏറ്റവും
ഇഷ്ടപ്പെടുന്ന പച്ചയിൽ
പൊടുന്നനെ
മഞ്ഞയായ്
പെയ്യും മഴയേ
ഉമ്മ വയ്ക്കെട്ടെ
നിൻ ഇളം നെഞ്ചിൽ

വരുവാനാരുമില്ല പോകാനും
ഒറ്റയ്ക്ക് ഒറ്റയ്ക്ക് ഒറ്റയ്ക്ക്
സഹിക്കണം
ഭൂമി തൻ ചൂടും ചൂരും

ലോകമാരോ
കെട്ടിപ്പടുത്തുവോ
അതിൽ നീയോ ഞാനോ
ഒരുമ്മ വച്ചതിൻ പാടുകൾ
ഒരു ചുവർ ചിത്രം

എത്തിഹാദിന്റെ കാബിനിൽ
നിന്റെ പേർ മറിയാമ്മ
എന്റെ പേർ...

ഭൂമിയിലാരോ പാടുന്നതിൻ ശബ്ദം
അമ്മ കരയുകയാവാം
നീ പാടുകയാവാം
ഞാൻ എന്നക്കുറിച്ച് തന്നെ
പിറുപിറുക്കയുമാവാം

സ്വസ്തി സ്വസ്തിയെന്ന് പറയുവാൻ
ഒരേ ഇടം
നിന്നമ്മ തൻ യോനി
പുറത്തേക്കിറങ്ങുവാൻ
ഒരേ വഴി

അകത്തേക്കോ
ആയിരം വഴികൾ എങ്കിലും
എല്ലാത്തിലും
തട്ടിത്തടഞ്ഞു നിൽക്കുന്നു
അമ്മു തൻ
അമ്മിണി തൻ
നിന്റെ തന്റെ
വെട്ടിപ്പടവുകൾ

മ്യഗങ്ങളായല്ല
മനുഷ്യരായല്ല
നമ്മെ നമ്മെപ്പോൽ
പിറപ്പിച്ചത്
അപ്പനല്ല
അമ്മയല്ല
വേറെ ആരോ

ഒരു സ്വപ്നത്തിനു നിന്റെ പേരിടാം
മറ്റൊരു സ്വപ്നത്തിനു നിന്റെ പേരിടാം
ഒന്നിൽ പിഴച്ചാൽ മൂന്നിൽ
മൂന്നാം സ്വപ്നത്തിനു
എന്റെ തന്നെ പേരിടും ഞാൻ

വായ്ക്കരിയെന്നത്
ഒരു വാക്ക്
വായുണ്ട്
കരിയുണ്ട്
കൂടിച്ചേരുമ്പോൾ
നീ
ഞാനെന്ന പോൽ
അത്രമേൽ അസഹ്യം
സ്നേഹം

മക്കളേ
നീയുണ്ട ഉരുളയോ
നീണ്ട് ഉരുണ്ട
ഞാനോ
നീയോ ഞാനോ
നീയോ ഞാനോ

വേവലാതികൾ
പുറപ്പെട്ട് പോകും
പുലർകാലേ
കൊണ്ട് പോകണേ
ഈയെസെമ്മെസിൻ
കരുതലും കാവും

വേണ്ട വേണ്ടയെന്നൊരുയിറച്ചിവെട്ടുകാരനെപ്പോലെ
പിണങ്ങുമ്പോൾ
മഹാഐരാണിക്കുളത്തെ
പ്രീതിയെന്നെ
അമ്പലക്കുളത്തിൽ
കുളിക്കാൻ വിളിക്കുന്നു

നീയോ
ഞാനോ
നമ്മുടെ മക്കളോ

അമ്മേ
അമ്മേ
അമ്മേ

ആമേൻ