ബുധനാഴ്‌ച, മേയ് 21, 2014


മർവ മർവ


ഒന്നോർത്ത് നോക്കൂ
പതിനാലാമത്തെ ജന്മത്തിൽ
നിന്റെ പേരു മർവ
എന്നായിരുന്നില്ലേ ?
ആയിരുന്നു
ജന്മത്തിൽ
മർവ മർവ
എന്ന് വിളിച്ച്
എന്റെ ചുണ്ടുകൾ
തേഞ്ഞുപോയത്
നാവിന്റെ
ഒരു വശം തളർന്ന് പോയത്
ഒക്കെ
എനിക്കോർമ്മയുണ്ട്
അന്നൊക്കെ
നീയിടാറുള്ള
നീല ഫ്രോക്കില്ലേ
അതിപ്പോൾ
ഞാൻ കണ്ടു
എന്റെ ശവകുടീരം
തുടക്കുന്ന
ബംഗാളിപ്പയ്യന്റെ കയ്യിൽ
എന്റെ ശവകുടീരം
തുടച്ച് കഴിഞ്ഞ്
അവൻ
അടുത്തതിലേക്ക്
നീങ്ങിയപ്പോൾ
ഞാനവനെ തടഞ്ഞു
അത് കൊണ്ട്
മറ്റൊരു കുടീരവും
തുടയ്ക്കരുതെന്ന് പറഞ്ഞു
അവനു
കാര്യം മനസ്സിലായെന്ന് തോന്നുന്നു
അവനത്
എന്റെ നെഞ്ചിൽ തന്നെ
ഇട്ടിട്ട് പോയി
ഇപ്പോൾ
അതിനുള്ളിലൂടെ
ആകാശം കാണുകയാണു
മർവ മർവ
നീ ഒരു കിളിയായി
എന്റെ ആകാശത്ത് കൂടെ
പറന്ന് കളിക്കുന്നു
തെളിഞ്ഞ് നോക്ക്
ഞാനെന്റെ
നെഞ്ചിൽ
നിനക്കുള്ള
നെന്മണികൾ
വിതറിയിരിക്കുന്നു

(വയലറ്റിനുള്ള കത്തുകളിൽ നിന്ന്)


2 അഭിപ്രായങ്ങൾ:

anitha sreejith പറഞ്ഞു...

ഒന്നോർത്ത് നോക്കൂ പതിനാലാമത്തെ ജന്മത്തിൽ നിന്റെ പേരു മർവ എന്നായിരുന്നില്ലേ ? :)

മേരി ജാക്വിലിന്‍ | നോർമ്മ ജീൻ പറഞ്ഞു...

Wilson Chetta....no words !! :(