വാര്‍ത്താ വായനക്കാരന്‍

കടമറ്റത്തെ അച്ചൻ ചോദിച്ചു

ഇഷ്ടപ്പെട്ട പൂവേതാണ്
ശംഖ് പുഷ്പം എന്ന് പറഞ്ഞത്
ഗാർഗിയുടെ  കവിത ഓർത്തായിരുന്നില്ല
അപ്പോളതെവിടെ നിന്നു വിരിഞ്ഞൂവെന്ന്
പിന്നെ പല കുറിപുകഞ്ഞു

ഗാർഗി  മന്ദാകിനിയുടെ കൊച്ചുമകളാണ്
അജിതയുടെ മകളും
അയ്യപ്പന്റെ ഒരു കവിതയിൽ ഗാർഗിയുണ്ട്

കൂട്ടുകാരുടെ പല കവിതകളിലും അവളുടെ നിഴൽ  കണ്ടിട്ടുമുണ്ട്

എന്നാൽ  ഗാർഗിയുടെഒരു കവിതയിൽ
ശംഖ്പുഷ്പം  പെൺയോനിയാണു
"നമ്മുടെ അമ്മമാർ നമ്മെ നോക്കിചിരിക്കുന്നതാണ് " *

എന്നാലെനിക്ക് ശംഖ്പുഷ്പംഒരു കാതായി തോന്നുന്നു

ശംഖ്പുഷ്പം = യോനി
ശംഖ്പുഷ്പം = കാത്
കാത് = യോനി
കവിതയിലെനിക്കും
ചെറിയ കണക്കുകൾ ആവാമല്ലോ

അങ്ങനെയെങ്കിൽ  ഈരാത്രി
ഉരുക്കേണ്ടത് ഈയമല്ല
കാതിലൂടെ ഭോഗിക്കുന്ന ഒരു വന്യമായസ്വപ്നം
വായിക്കുന്നവർ  കണ്ടാൽ ഉത്തരവാദിഞാനുമല്ല

കാതിലൂടെയാണു  ഞാൻജീവിക്കുന്നത്
കാതിലൂടെ തന്നെയാണ് എനിക്ക് മറയേണ്ടത്
കാതിലൂടെ തന്നെയാണ് എനിക്ക് മരിക്കേണ്ടത്

പിന്നെയും പിന്നെയും പിന്നെയും
പിറക്കേണ്ടതും( 2010 )

* ഗാർഗിയുടെ കവിതയിൽനിന്നും


വാമനൻ

ഒരിക്കൽ കുഞ്ഞുണ്ണിമാഷ്
ഞങ്ങളുടെ സ്ക്കൂളിൽ വന്നു

കഥയിൽ കയറി
വാമനവേഷമണിഞ്ഞു
കുട്ടികളോട്
മൂന്നടി ചോദിച്ചു

ക്ലാസ് മുറിയും സ്റ്റാഫ് റൂമും
അസംബ്ലിഗ്രൗണ്ടും
എല്ലാമെല്ലാം
അളന്നെടുത്തോളൂവെന്ന്
കുട്ടികൾ

ഒന്നാമത്തെ അടിയിൽ
കുട്ടികളുടെ ഹ്യദയങ്ങൾ
രണ്ടാമത്തെ അടിയിൽ
കുട്ടികളുടെ തലകൾ

മൂന്നാമത്തേതിനെവിടെ

വാമനൻ ഒറ്റക്കാലിൽ നിൽക്കുകയാണു

മാഷ് പാതാളത്തിലേക്ക്
പൊയ്ക്കോളൂ

കുട്ടികൾ പറഞ്ഞു
(പുസ്തകം-, 2002 )


കിടപ്പാടം


പാടത്തിന്റെ തീരത്ത്
വീട് വയ്ക്കണമെന്നായിരുന്നു


ഞാറു പോൽ
മുളയ്ക്കുന്നവക്കൊക്കെയും
മകളുടെ
പേരിടണമെന്നായിരുന്നു


കതിരിട്ട മക്കൾക്കൊപ്പം
മലർന്ന് കിടന്ന്
നിലാവ് കുടിക്കണമെന്നായിരുന്നു


കളകളേയും കാക്കകളേയും
കവിത തളിച്ച്
ഓടിക്കണമെന്നായിരുന്നു


എന്നിട്ടാണ്
വിതയും കതിരും 
കൊയ്ത്തും മെതിയുമില്ലാത്ത
കണ്ടത്തിൽ


ആറടിയുടെ
കിടപ്പാടവും നോക്കി
കമിഴ്ന്നു കിടക്കുന്നത്


ചിരിച്ച് ചിരിച്ചല്ലാതെ
കരഞ്ഞ് കരഞ്ഞ് കൊണ്ടും
മണ്ണ് കപ്പാമോ
മാർച്ച്‌. 25 .2017
കുഴൂർ


തുറന്നു വിട്ടതെന്തിനു


അടിമകളുടെ രാജാവിനെ
തുറന്നു വിട്ട കുറ്റത്തിന്
നിനക്ക് ജീവപര്യന്തം ഉമ്മകൾ

നീല പോലത്തെ പച്ചയിൽ
ഒരു മുളയുടെ നിഴലിൽ
ഒളിച്ചിരുന്നയെന്നെ
ഇരുമുലകളുടെ പൂച്ചക്കണ്ണുകളാൽ
ഇരുട്ടിലേക്കിട്ട
പാവപ്പെട്ടവരുടെ രാജകുമാരീ
ഈയുപമയാൽ
നാണം കെടുത്തുന്നു നിന്നെ ഞാൻ

യുദ്ധം തുടങ്ങിയതേയുള്ളൂ
ചോദ്യപേപ്പർ ബോറടിച്ച്
കുട്ടികൾ എണീറ്റ് പോകും പോലെ
കാഴ്ച്ചക്കാർ പോയി
സിഗരറ്റ് മണം കാറ്റിൽ

ബാലരമയിൽ നിന്ന് മായാവി പോയി
പൂമ്പാറ്റയിൽ നിന്ന് മഞ്ഞയും വെളുപ്പും പോയി
കാത്തു നില്ക്കുന്നതാരെ
നിറങ്ങൾ
തങ്ങളെത്തന്നെ മറന്നു പോയ്
പരസ്പ്പരം വച്ചു മാറിപ്പോയീ

പച്ച അതിന്റെ കാതിൽ കറുപ്പു കുത്തി
നീല അതിന്റെ വയറിൽ വയലറ്റ് കുത്തി
പച്ച പോലത്തെ മഞ്ഞ
അതിന്റെ നെറ്റിയിൽ ചോപ്പ കുത്തി
മഞ്ഞ പോലത്തെ നീല
അതിന്റെ മുലക്കണ്ണുകളിൽ
കരിനീല കുത്തി
നീല പോലത്തെ വെള്ള
യോനിയിൽ കുങ്കുമം കലർത്തി

നിന്റെ മുലക്കണ്ണുകൾ
എന്റെ ചുണ്ടുകളെ പൊത്തിയ നിമിഷത്തെ
സ്വർഗ്ഗമെന്നു ഞാൻ വിളിക്കുമെങ്കിലും
ചെയ്യാത്ത കുറ്റത്തിന് കഴുവേറുന്ന
തുടരൻ നാടകത്തിൽ
നിനക്ക് ഒരു കിടിലൻ അടിമയുടെ വേഷം

നൃത്തം ചെയ്യുന്ന അടിമ
ഉമ്മ വയ്ക്കുന്ന അടിമ
വീഞ്ഞ് കുടിയ്ക്കുന്ന അടിമ
അടിച്ച് വാരുന്ന അടിമ

ഒന്നാം ചുവടിൽ കടൽ
രണ്ടാം ചുവടിൽ ആകാശം
മൂന്നാം ചുവടിൽ ഭൂമി
നാലാം ചുവടിൽ...
ഇല്ല
അടിമകൾക്ക് നാലാം ചുവടില്ല

അതിനു വച്ച കാലുകൾ കടം കൊടുക്ക്
അടുത്ത ജന്മത്തിൽ പറ്റുമെങ്കിൽ തിരിച്ചു പിടിക്ക്

അടിമയുടെ ആഗ്രഹം അടിവയറ്റിലൊതുങ്ങണം

നിന്റെ അടിവയറ്റിൽ ഞാൻ വരഞ്ഞ ചിത്രങ്ങളിൽ ഒരു കിളിയുണ്ട്
അത് പാടിക്കൊണ്ടേയിരിക്കും
അതിലേക്ക് മരങ്ങൾ പറന്നു കയറും

അടിമയോട് രാജാവിനു തോന്നുന്ന സ്നേഹത്തെ
പച്ചകുത്തി ഒറ്റയ്ക്കാക്കുക

ഉമ്മ കൊടുത്ത് സങ്കടപ്പെടുത്തക


(ജനുവരി 2017 , ഫോർട്ട് കൊച്ചി)