തിങ്കളാഴ്‌ച, ഏപ്രിൽ 03, 2017


തുറന്നു വിട്ടതെന്തിനു


അടിമകളുടെ രാജാവിനെ
തുറന്നു വിട്ട കുറ്റത്തിന്
നിനക്ക് ജീവപര്യന്തം ഉമ്മകൾ

നീല പോലത്തെ പച്ചയിൽ
ഒരു മുളയുടെ നിഴലിൽ
ഒളിച്ചിരുന്നയെന്നെ
ഇരുമുലകളുടെ പൂച്ചക്കണ്ണുകളാൽ
ഇരുട്ടിലേക്കിട്ട
പാവപ്പെട്ടവരുടെ രാജകുമാരീ
ഈയുപമയാൽ
നാണം കെടുത്തുന്നു നിന്നെ ഞാൻ

യുദ്ധം തുടങ്ങിയതേയുള്ളൂ
ചോദ്യപേപ്പർ ബോറടിച്ച്
കുട്ടികൾ എണീറ്റ് പോകും പോലെ
കാഴ്ച്ചക്കാർ പോയി
സിഗരറ്റ് മണം കാറ്റിൽ

ബാലരമയിൽ നിന്ന് മായാവി പോയി
പൂമ്പാറ്റയിൽ നിന്ന് മഞ്ഞയും വെളുപ്പും പോയി
കാത്തു നില്ക്കുന്നതാരെ
നിറങ്ങൾ
തങ്ങളെത്തന്നെ മറന്നു പോയ്
പരസ്പ്പരം വച്ചു മാറിപ്പോയീ

പച്ച അതിന്റെ കാതിൽ കറുപ്പു കുത്തി
നീല അതിന്റെ വയറിൽ വയലറ്റ് കുത്തി
പച്ച പോലത്തെ മഞ്ഞ
അതിന്റെ നെറ്റിയിൽ ചോപ്പ കുത്തി
മഞ്ഞ പോലത്തെ നീല
അതിന്റെ മുലക്കണ്ണുകളിൽ
കരിനീല കുത്തി
നീല പോലത്തെ വെള്ള
യോനിയിൽ കുങ്കുമം കലർത്തി

നിന്റെ മുലക്കണ്ണുകൾ
എന്റെ ചുണ്ടുകളെ പൊത്തിയ നിമിഷത്തെ
സ്വർഗ്ഗമെന്നു ഞാൻ വിളിക്കുമെങ്കിലും
ചെയ്യാത്ത കുറ്റത്തിന് കഴുവേറുന്ന
തുടരൻ നാടകത്തിൽ
നിനക്ക് ഒരു കിടിലൻ അടിമയുടെ വേഷം

നൃത്തം ചെയ്യുന്ന അടിമ
ഉമ്മ വയ്ക്കുന്ന അടിമ
വീഞ്ഞ് കുടിയ്ക്കുന്ന അടിമ
അടിച്ച് വാരുന്ന അടിമ

ഒന്നാം ചുവടിൽ കടൽ
രണ്ടാം ചുവടിൽ ആകാശം
മൂന്നാം ചുവടിൽ ഭൂമി
നാലാം ചുവടിൽ...
ഇല്ല
അടിമകൾക്ക് നാലാം ചുവടില്ല

അതിനു വച്ച കാലുകൾ കടം കൊടുക്ക്
അടുത്ത ജന്മത്തിൽ പറ്റുമെങ്കിൽ തിരിച്ചു പിടിക്ക്

അടിമയുടെ ആഗ്രഹം അടിവയറ്റിലൊതുങ്ങണം

നിന്റെ അടിവയറ്റിൽ ഞാൻ വരഞ്ഞ ചിത്രങ്ങളിൽ ഒരു കിളിയുണ്ട്
അത് പാടിക്കൊണ്ടേയിരിക്കും
അതിലേക്ക് മരങ്ങൾ പറന്നു കയറും

അടിമയോട് രാജാവിനു തോന്നുന്ന സ്നേഹത്തെ
പച്ചകുത്തി ഒറ്റയ്ക്കാക്കുക

ഉമ്മ കൊടുത്ത് സങ്കടപ്പെടുത്തക


(ജനുവരി 2017 , ഫോർട്ട് കൊച്ചി)

അഭിപ്രായങ്ങളൊന്നുമില്ല: