തിങ്കളാഴ്‌ച, ഡിസംബർ 25, 2017


💃


രാവിലെ അപ്പനേം അമ്മേനേം കാണാന്‍ സെമിത്തേരിയില്‍ പോയി . എന്തൊക്കെയാ എന്ന് അങ്ങോടുമിങ്ങോടും ചോദിച്ച് കൊണ്ടിരിക്കുമ്പോള്‍ എന്തൊക്കെയോ പറഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ മരിച്ചവരെല്ലാം എണീറ്റ് വന്ന് ദാ സാന്‍ഡ വന്നിരിക്കുന്നു സാന്‍ഡ വന്നിരിക്കുന്നു എന്ന് പറഞ്ഞ് എഴുന്നേറ്റു എഴുന്നേറ്റു വരാന്‍ തുടങ്ങി. കണ്ണു തിരുമ്മി എണീറ്റ് എണീറ്റ് വരുന്ന അവരെ കാണാന്‍ നല്ല രസമുണ്ടായിരുന്നു.. സാന്‍ഡേ സാന്‍ഡേ എന്നുള്ള
അവരുടെ വിളി കേള്‍ക്കാന്‍ നല്ല ഇമ്പമുണ്ടായിരുന്നു. 

പൊടുന്നനെ ഞാനൊരു സാന്‍ഡയായി. ഭൂമി ഉണ്ടായ കാലം മുതല്‍ ഇന്ന് വരെ മരിച്ചവര്‍ കുഞ്ഞുങ്ങളായി ചുറ്റും കറങ്ങി. എനിക്കവരോട് അമിതമായ വാത്സല്യം തോന്നി.

ആകാശത്തിന്റെ  അത്ര വലുപ്പമുള്ള ഒരു ബലൂണ്‍ സാന്‍ഡ  അവര്‍ക്ക് കൊടുത്തു. ആകാശത്തിന്റെ  അത്ര തന്നെ വലുപ്പമുള്ള ഒരു നക്ഷത്രം സാന്‍ഡ അവര്‍ക്ക് കൊടുത്തു. സാന്‍ഡയുടെ ചുറ്റും മരിച്ചവര്‍ കുഞ്ഞുങ്ങളായി

നോക്കി നോക്കി നില്‍ക്കേ, വാത്സല്യം അതിരു കവിഞ്ഞു. കടലായി പരക്കുന്ന എന്നെ ഞാനിങ്ങനെ വായും പൊളിച്ച് നോക്കി നിന്നു

ഇപ്പോള്‍ ആകാശത്ത് മരിച്ചവര്‍ ഒരു ബലൂണും ഒരു നക്ഷത്രവും വച്ച് ക്രിസ്തുമസ് കളിക്കുന്നു . ഞാനതിന്റെ കൂടെ ചേരുന്നു

💃

25/12/2017
Temple of poetry

വെള്ളിയാഴ്‌ച, ഡിസംബർ 01, 2017


കുടപ്പന്റെ ടാഗുള്ള അരഞ്ഞാണം


പൊളിച്ച് കളഞ്ഞ ആ വീടിനോട് ചേർന്ന്
ഒരലക്ക് കല്ലുണ്ട്.
അത് പൊളിച്ചിട്ടില്ല


നീല ട്രൗസറിട്ട ഒരു സ്കൂൾകുട്ടിയുടെ പ്രേതം
അവിടെയൊക്കെ കറങ്ങി നടക്കുന്നതിനാൽ
അതിനടുത്തേക്ക് പോകാറില്ല
 

ഒരു കുറ്റിപ്പെൻസിൽ തരുമോ എന്ന് ചോദിച്ച് അത് അടുത്തു വരുമത്രേ
പാവം
അലക്കാനിടുന്ന നീല ട്രൗസറുകളുടെ കീശയുടെ മൂലയിൽ
പെൻസിലിന്റെ ഒരു കഷണം ഉണ്ടാകുമെന്ന് അതിപ്പോഴും വിശ്വസിക്കുന്നു


കൂടെ ഉള്ളിൽ താമസിക്കുന്ന ഒരാൾ ഇടക്കിടെ അവിടെയൊക്കെ പോയിട്ട് വരും
അത് പറയുന്ന വിശേഷങ്ങളിൽ ഇപ്പോഴും സ്വർണ്ണത്തിന്റെ ഒരു അരഞ്ഞാണമുണ്ട് . കുടപ്പനുള്ളത് എന്നാണതിന്റെ ടാഗ്
കുളിപ്പിച്ചപ്പോൾ ഇഴഞ്ഞ് പോയതാണത്രേ


ആ സർപ്പത്തെ നീയിപ്പോഴും സ്നേഹിക്കുന്നുണ്ടോ എന്നയാൾ ചോദിക്കുന്നു
ഉണ്ട്. ആ കുടപ്പൻ എന്നെയും ടാഗ് ചെയ്തിട്ടുണ്ട്